International
അങ്കാറ: തുർക്കിയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇറാൻ. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിട്ടുള്ള നാറ്റോ വ്യോമപ്രതിരോധ സംവിധാനം തകർന്നു. ഇത് രണ്ടാം തവണയാണ് തുർക്കിയിൽ ഇറാൻ ആക്രമണം നടത്തുന്നത്.
ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ വെടിവച്ചിട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി തുർക്കി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് നേരെയുള്ള ഏത് തരം ഭീഷണിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് തുർക്കി വ്യക്തമാക്കി.
സംഘർഷം വർധിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളിൽ നിന്ന് ഇറാൻ ഉൾപ്പെടെയുള്ളവർ പിന്തിരിയണമെന്നും തുർക്കി ആവശ്യപ്പെട്ടു. തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ ഗാസിയൻതെപ്പിൽ പതിച്ചെങ്കിലും ആളപയാങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
International
ടെഹ്റാൻ: എട്ടാം നാളും തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 1332 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർത്തു എന്നും റിപ്പോർട്ടുകളുണ്ട്.
ടെഹ്റാൻ അടക്കമുള്ള മേഖലകളിൽ വൻ സ്ഫോടനമാണ് ഉണ്ടായത്. ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോർട്ട്. അതേസമയം തെക്കൻ ഇസ്രയേലിൽ ഇറാനും മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവിൽ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. പലയിടത്തും മിസൈൽ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
യുദ്ധത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് അമേരിക്കയും വ്യക്തമാക്കുകയാണ്. ഇറാൻ നിരുപാധികം കീഴടങ്ങാതെ ഒത്തുതീർപ്പിനില്ലെന്ന് പറഞ്ഞ പ്രസിഡന്റ് ട്രംപ് യുഎസ് ആയുധ ശേഖരം വിശാലമാക്കാൻ പോകുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയത്.
ആധുനിക ആയുധങ്ങളുടെ നിർമാണം നാലിരട്ടിയായി വർധിപ്പിക്കാൻ പ്രതിരോധ നിർമാണ കമ്പനികളുമായി ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ ഡ്രോൺ ആക്രമണങ്ങളിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയുടെ ആന്റി-ഡ്രോൺ സംവിധാനം ‘മെറോപ്സ്’ ഉടൻ മിഡിൽ ഈസ്റ്റ് മേഖലയിൽ വിന്യസിക്കുമെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
International
ദുബായ്: ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 149 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ബെയ്റൂട്ടിലും മറ്റ് തെക്കൻ മേഖലകളിലുമാണ് ആക്രമണം നടത്തിയത്.
തെക്കൻ ലബനനിലാണു ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്. ഇറാനെതിരേ ഇസ്രയേലും അമേരിക്കയും നടത്തുന്ന യുദ്ധത്തിൽ പങ്കുചേർന്ന ഹിസ്ബുള്ളയ്ക്കെതിരേ ലബനീസ് സർക്കാർ രംഗത്തുവന്നു. ഹിസ്ബുള്ളയുടെ നടപടി നിയമവിരുദ്ധമാണെന്ന് അറിയിച്ച സർക്കാർ ആയുധങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടു.
ലബനനിന്റെ തെക്കൻ ഭാഗത്തുനിന്നു നൂറുകണക്കിനു പേർ പലായനം ചെയ്തു. 2024ലെ ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിൽ ലബനനിൽ പത്തു ലക്ഷം പേർ തെക്കൻ ഭാഗത്തുനിന്നു പലായനം ചെയ്തിരുന്നു.
ഇവരിൽ പലർക്കും നാട്ടിൽ തിരിച്ചെത്താനായില്ല. ഇസ്രയേൽ-ഹമാസ് യുദ്ധത്തിനു പിന്നാലെയായിരുന്നു ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റുകൾ വർഷിച്ചത്. ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ അന്ന് നൂറുകണക്കിനു തീവ്രവാദികൾ കൊല്ലപ്പെട്ടു.
International
ബെയ്റൂട്ട്: ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. വ്യാഴാഴ്ചയാണ് തെക്കൻ ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ലെബനീസ്-ഇസ്രയേലി സിവിലിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ആക്രമണം.
ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ സന്ദർശനത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ലെബനനിൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതുകൂടാതെ സന്ദർശന വേളയിൽ ശത്രുത അവസാനിപ്പിക്കാൻ പോപ്പ് ആവശ്യപ്പെട്ടിരുന്നു.
ആക്രമണം ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനൻ സർക്കാർ ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രയേലി സൈന്യം വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങൾക്ക് നടുവിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഇസ്രയേലി സൈന്യം അറിയിച്ചു.